മുന്‍ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് ഗ്രൂപ്പ് രാഷ്ട്രീയ പാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ജന്‍ സൂരജ് പാര്‍ട്ടി മത്സരിക്കും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മനോജ് ഭാര്‍തിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ തലപ്പത്ത് ആരാകണമെന്നത് രണ്ട് വര്‍ഷമായി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ തീരുമാനം പ്രകാരമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്തെ മദ്യനിരോധനം പാര്‍ട്ടി അവസാനിപ്പിക്കുമെന്നും ഇങ്ങനെ ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരഞ്ഞെടുപ്പ് അജണ്ടകളെ കുറിച്ചുള്ള പ്രചരണം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു ഗ്രൂപ്പിനെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചത്. തന്റെ ജന്‍ സൂരജ് പാര്‍ട്ടി പുതിയ ബദല്‍ മാര്‍ഗം ജനങ്ങള്‍ക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പദ്ധതിയുടെ അടുത്ത ഘട്ടം ബിഹാര്‍ നേരിടുന്ന വെല്ലുവിളികളുടെ രൂപരേഖ തയ്യാറാക്കലാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
'കഴിഞ്ഞ 25-30 വര്‍ഷമായി ബിഹാറിലെ ജനങ്ങള്‍ ആര്‍ജെഡിക്കോ ബിജെപിക്കോ വോട്ട് ചെയ്യുന്നു. ആ നിര്‍ബന്ധം അവസാനിപ്പിക്കണം. ഈ ബദല്‍ മാര്‍ഗം ഏതെങ്കിലും രാജവംശ പാര്‍ട്ടിയാകരുത്, അത് ജനങ്ങള്‍ സൃഷ്ടിച്ച പാര്‍ട്ടിയാകണം,' അദ്ദേഹം പറഞ്ഞു. കുറച്ച് നാള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ ജന്‍ സൂരജ് രൂപീകരിക്കുന്നത്. ഒരു യാത്രയിലൂടെയായിരുന്നു ജന്‍ സൂരജിന്റെ ആദ്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഗ്രൂപ്പിനെ രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്യുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു.
ബിഹാറിലെ എല്ലാ ഗ്രാമങ്ങളും നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ബോധവല്‍ക്കരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു. വഴി തെറ്റിക്കുന്ന നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വോട്ട് ചെയ്യരുതെന്ന് മനസിലാക്കുമെന്നും വിദ്യാഭ്യാസം, കൃഷി, തൊഴില്‍ എന്നിവയിലൂന്നിയുള്ള സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ അവരെ ബോധവല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.