പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഈ പദ്ധതി ലോകമാകെയുള്ള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ്

author-image
Biju
New Update
pinarayi

തിരുവനന്തപുരം : പ്രവാസികള്‍ക്കു മാത്രമായി നടപ്പിലാക്കുന്ന രാജ്യത്തിലെ ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍  തുടക്കം കുറിച്ചു. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഈ പദ്ധതി ലോകമാകെയുള്ള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ്. 

നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ 'നോര്‍ക്ക കെയര്‍' എന്ന പേരില്‍ ആരംഭിക്കുന്ന ഈ പദ്ധതിയുടെ സേവനം ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം മുതല്‍ ലഭ്യമാകും.നോര്‍ക്കയുടെ ഐഡി കാര്‍ഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികളും ഇതിന്റെ പരിധിയില്‍ വരും. 

ഈ പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. 

മാത്രമല്ല, പോളിസി എടുക്കുന്നതിന് മുന്‍പുള്ള രോഗങ്ങള്‍ക്കും കാത്തിരിപ്പ് കാലം ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളില്‍ ഇതുവഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും.

ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍തന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയില്‍ ജി സി സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ആവശ്യമായ ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി  അറിയിച്ചു.

cheif minister pinarayi vijayan