നാവികസേനാദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് തിരുവനന്തപുരത്ത് ;നാവികാഭ്യാസ പ്രകടനം വൈകീട്ട്

ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തിൽ അണിനിരക്കും.ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും.

author-image
Devina
New Update
murmu navikasena

തിരുവനന്തപുരം:തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളിൽ  പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.

 രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നേതൃത്വത്തിൽ സ്വീകരിക്കും.

വൈകിട്ട് നാലിനാണ് നാവികസേനയുടെ ശക്തിപ്രകടനം നടക്കുന്നത് .

ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും.

 തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

19 പ്രധാന യുദ്ധക്കപ്പലുകൾ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളും പങ്കെടുക്കും.

ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തിൽ അണിനിരക്കും.

ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നിവയുൾപ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്.

പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് സുദർശിനി എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമാകും.

 9,000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസ പ്രകടനം കാണാം.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തീരുവനന്തപുരത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.