/kalakaumudi/media/media_files/2026/01/22/modiji-2026-01-22-09-29-47.jpg)
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിച്ച ബിജെപി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തുമ്പോള്‍ തലസ്ഥാന നഗരവികസനത്തിനായി പദ്ധതികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബിജെപി നേതൃത്വം.
നഗര വികസന രേഖ പ്രഖ്യാപിക്കാന്‍ മേയര്‍ സത്യപ്രതിജ്ഞ ചെയ്ത് 27ാം ദിവസമാണ് പ്രധാനമന്ത്രിയെത്തുന്നത്. അധികാരത്തിലെത്തി 45 ദിവസത്തിനു മുന്‍പ് പ്രധാനമന്ത്രി വികസന രേഖ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാഗ്ദാനം നല്‍കിയിരുന്നത്.
വാര്‍ഡുകളില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങളില്‍നിന്ന് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വികസന ബ്ലൂപ്രിന്റ് സംസ്ഥാന അധ്യക്ഷന്‍ വഴി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു.
ആദ്യഘട്ട നിര്‍ദേശങ്ങള്‍ ഇവയൊക്കെ:
നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ്; ഇന്‍ഡോര്‍ മാതൃകയില്‍ പദ്ധതി
കോര്‍പറേഷന്റെയും കേന്ദ്രത്തിന്റെയും വിഹിതത്തിനൊപ്പം പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൂടി ലഭ്യമാക്കി ഒരു വാര്‍ഡില്‍ 40 വീടുകള്‍ വീതം വര്‍ഷം നാലായിരം വീടുകളും അഞ്ചുവര്‍ഷം കൊണ്ട് 20,000 വീടുകളും പൂര്‍ത്തിയാക്കുക.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ 101 വാര്‍ഡുകളിലും സമഗ്ര ഡ്രെയിനേജ് പദ്ധതി
ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീര്‍ഥാടന ടൂറിസ പദ്ധതി
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അതിവേഗ നടപടി
കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതി
ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല നഗരത്തില്‍ വ്യാപകമാക്കണം
ഗംഗ മിഷന്‍ മാതൃകയില്‍ കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ എന്നിവ ശുദ്ധീകരിക്കാന്‍ പദ്ധതി.
4 പുതിയ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയന്‍സസ് പാര്‍ക്കിലെ ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിനു തറക്കല്ലിടാനും ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി. 3 പരിപാടികളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കാല്‍ ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.
പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികള്‍ക്കായുള്ള ആദ്യവേദിയില്‍ രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതേ ചടങ്ങില്‍ തന്നെയാണ് ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കുക.
ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷന്‍, സംരംഭകത്വ പരിശീലനം, ആയുര്‍വേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്‌ഐആറില്‍ ഹബ്ബിനായി 10 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകള്‍ക്കു ശേഷം കോര്‍പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാര്‍ട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
