പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുനല്‍കില്ല, ഗ്രീന്‍ഫീല്‍ഡിലും ആശങ്ക

ബിജെപിയും റെയില്‍വേയും സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകിട്ടാനായി കത്ത് നല്‍കിയെങ്കിലും 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാല്‍ സ്റ്റേഡിയം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍

author-image
Biju
New Update
modi

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന റെയില്‍വേ പരിപാടിക്ക് സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടു നല്‍കാതെ സര്‍ക്കാര്‍. 23ന് കോര്‍പറേഷന്‍ വികസന രേഖ പ്രകാശനത്തിനും റെയില്‍വേയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമാണു പ്രധാനമന്ത്രി നരേന്ദ്രമോദി നഗരത്തില്‍ എത്തുന്നത്. ബിജെപിയും റെയില്‍വേയും സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകിട്ടാനായി കത്ത് നല്‍കിയെങ്കിലും 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാല്‍ സ്റ്റേഡിയം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. ബിജെപി പരിപാടി പുത്തരിക്കണ്ടം മൈതാനത്ത് നടത്താനാണു നീക്കം.

സെന്‍ട്രല്‍ സ്റ്റേഡിയം നിഷേധിക്കപ്പെട്ടതോടെ മറ്റു വേദികള്‍ തേടിയുള്ള ഓട്ടത്തിലാണു റെയില്‍വേ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ലഭിക്കില്ല. സെന്‍ട്രല്‍ സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍  റെയില്‍വേ പരിപാടിയും പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റേണ്ടി വരും. റിപ്പബ്ലിക് ദിന പരേഡിന് 2 ദിവസം സമയം ഉണ്ടെന്നിരിക്കെ 23 ന് സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടു നല്‍കാത്തത് മനപൂര്‍വമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മുന്‍പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളതിനാല്‍ സുരക്ഷാ അനുമതികള്‍ ലഭിക്കാന്‍ എളുപ്പമായതിനാലാണു സെന്‍ട്രല്‍ സ്റ്റേഡിയം എന്ന ആവശ്യം റെയില്‍വേ ഉന്നയിച്ചത്.