/kalakaumudi/media/media_files/2026/01/23/m-rail-2026-01-23-16-59-53.jpg)
തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ പുത്തന്‍ നാഴികക്കല്ല് കുറിച്ചുകൊണ്ട് മൂന്ന് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ ട്രെയിനുകള്‍ കേരളത്തിന് സമര്‍പ്പിച്ചത്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ് ഈ ട്രെയിനുകള്‍.
പുതിയ ട്രെയിനുകള്‍
തിരുവനന്തപുരം സെന്‍ട്രല്‍ - താംബരം അമൃത് ഭാരത് എക്‌സ്പ്രസ്: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലെ താംബരത്തിലേക്കുള്ള ഈ ട്രെയിന്‍ തിരുനെല്‍വേലി, കോവില്‍പട്ടി, വിരുദുനഗര്‍, മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം വഴി സര്‍വീസ് നടത്തും.
തിരുവനന്തപുരം - ചാര്‍ലപ്പള്ളി (ഹൈദരബാദ്) അമൃത് ഭാരത് എക്‌സ്പ്രസ്: കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ജോലാര്‍പേട്ട, റെനിഗുണ്ട, നെല്ലൂര്‍, തെനാലി, ഗുണ്ടൂര്‍, നല്‍ഗൊണ്ട തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ ആണ് സര്‍വീസ് നടത്തുക.
നാഗര്‍കോവില്‍ - മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്: തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴി മംഗലാപുരത്തേക്ക് പോകുന്ന ഈ ട്രെയിന്‍ കേരളത്തിലെ വടക്കന്‍ ജില്ലക്കാര്‍ക്ക് വലിയ ആശ്വാസമാകും.
തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍: പ്രാദേശിക യാത്രക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സര്‍വീസാണിത്. ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത ട്രെയിനുകള്‍ പ്രത്യേക സര്‍വീസുകളായാണ് സര്‍വീസ് നടത്തുന്നത്. ഇവയുടെ സ്ഥിരം സമയക്രമം റെയില്‍വേ ഉടന്‍ പുറത്തിറക്കും.
സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ ദീര്‍ഘദൂര യാത്ര ഉറപ്പാക്കുന്ന 'പുഷ്-പുള്‍'സാങ്കേതികവിദ്യയിലുള്ള ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളും മികച്ച വേഗതയും ഈ ട്രെയിനുകളുടെ സവിശേഷതയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
