പ്രധാനമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനം കാത്ത് തലസ്ഥാനം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ

author-image
Biju
New Update
modi

തിരുവനന്തപുരം: തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിന്റ് വഴി മിഷന്‍ കേരളമാണ് ലക്ഷ്യം. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുന്നതാകും ഏറ്റവും ശ്രദ്ധേയം. കേരളത്തില്‍ നിന്നുള്ള അമൃത് ഭാരത് റെയില്‍ സര്‍വീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്‌ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോര്‍ അടക്കം പ്ലാനിലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികള്‍. ആദ്യം അമൃത് ഭാരത് സര്‍വീസുള്‍പ്പടെ നാല് പുതിയ ട്രെയ്‌നുകളുടെ ഫ്‌ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം. 

പൊതുസമ്മേളനം വമ്പന്‍ വിജയമാകുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് മുമ്പേയെത്തിയ അമിത് ഷാ സംസ്ഥാന ബി ജെ പിക്ക് മുന്നില്‍ വച്ചത് മിഷന്‍ 2026 ആണ്. പ്രധാനമന്ത്രി കൂടിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബി ജെ പി സജീവമാക്കും.