കൊച്ചി: ബസിനകത്ത് മുന്നോട്ട് നീങ്ങി നിൽക്കാനുള്ള നിർദ്ദേശം അനുസരിച്ചില്ലെന്ന പേരിൽ മദ്ധ്യവയസ്കന് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. ബസിനകത്ത് ചവിട്ടിവീഴ്‌ത്തിയ ശേഷം പുറത്തേക്ക് തള്ളിയിട്ടാണ് തല്ലിച്ചതച്ചത്. യാത്രക്കാരന്റെ പരാതിയിൽ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നു പേരെ പ്രതികളാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.
കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്ന് കയറിയ കാക്കനാട് സ്വദേശിക്ക് മജീദിനാണ് (60) മർദ്ദനമേറ്റത്. ചിറ്റേറ്റുകരയിൽ ഓട്ടോഡ്രൈവറായ മജീദ് കലൂരിൽ ഓട്ടം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം കേടായി. തുടർന്ന് ഓട്ടോ ഒതുക്കിയിട്ട് കളമശേരിയിലെ മകളുടെ വീട്ടിലേക്ക് പോകാനാണ് രാത്രി 9.40ന് ഫോർട്ട് കൊച്ചി-ആലുവ റൂട്ടിലോടുന്ന ബസിൽ കയറിയത്.
അവസാന ട്രിപ്പായതിനാൽ നല്ല തിരക്കായിരുന്നു. പിൻവാതിലിന് സമീപം നിന്ന മജീദിനോട് മുന്നോട്ടു നീങ്ങിനിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ എവിടെയാണ് നിൽക്കാൻ സ്ഥലം എന്ന് ചോദിച്ചതാണ് ജീവനക്കാരെ പ്രകോപിച്ചത്.
ജെ.എൻ.എൽ സ്റ്റേഡിയം സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ കണ്ടക്ടറുടെ നേതൃത്വത്തിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം പുറത്തേക്ക് തള്ളിയിട്ടു. സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്ത വാഹനത്തിൽ തലയിടിച്ച് വീണ മജീദിനെ നിലത്തിട്ട് തല്ലി. ആളുകൾ ഓടിയെത്തിയപ്പോൾ യാത്രക്കാരൻ മദ്യപിച്ച് ബഹളം കൂട്ടിയെന്ന് പറഞ്ഞ് ജീവനക്കാർ സ്ഥലം വിട്ടു. മജീദ് വിവരം പറഞ്ഞതോടെ നാട്ടുകാർ ചേർന്നാണ് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചത്.
മൂന്നു ജീവനക്കാരും കഴിഞ്ഞദിവസം സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ആദ്യം ബസ് ഹാജരാക്കാൻ ഉടമ തയ്യാറായില്ലെങ്കിലും മോട്ടോർവാഹന വകുപ്പും പൊലീസും കർശനനിലപാട് എടുത്തതോടെ വെള്ളിയാഴ്ച ബസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് മജീദ് ആവശ്യപ്പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
