കൊച്ചി: കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരുക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ഈ ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്. രാവിലെ ആയതിനാൽ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളുമടക്കം നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.