പ്രിയങ്ക ഗാന്ധിയുടെ പത്രിക സമര്‍പ്പണം 23ന്; രാഹുലിനൊപ്പം റോഡ്‌ഷോ

ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുക.

author-image
Prana
New Update
Priyanka Gandhi

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഈ വരുന്ന 23നു നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുക. ഇക്കാര്യം വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ എംഎല്‍എ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവും.
പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി കോര്‍ഡിനേറ്റര്‍ കൂടിയായ ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ എന്‍ ഡി അപ്പച്ചന്‍, ടി ഉബൈദുള്ള എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പിടി ഗോപാലക്കുറുപ്പ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ടി മുഹമ്മദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.