/kalakaumudi/media/media_files/2025/09/19/priyanka-gandhi-2025-09-19-14-01-54.jpg)
കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചയായി വയനാട് എംപി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലുണ്ട്. സെപ്തംബർ 12നാണ് പ്രിയങ്ക ജില്ലയിൽ എത്തിയത്.
മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദശിക്കുകയും സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.
ഇന്ന് മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എം.പി ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധി എം. പി.യെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നേന്ത്രപ്പഴം കൊണ്ട് തുലാഭാരം വഴിപാട് കഴിച്ചു.
ക്ഷേത്രത്തിൽ നിർമ്മിച്ച രഥം കൗതുകത്തോടെ കണ്ട പ്രിയങ്ക ഗാന്ധി എം.പി. ശിൽപ്പികളെ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിക്ക് പുറമേ സോണിയ ഗാന്ധിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തിയിട്ടുണ്ട്. രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്.
ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും സ്വീകരിക്കാൻ എത്തിയിരുന്നു.
രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണും
രാഹുൽ ഗാന്ധി വയനാട്ടിൽ വച്ച് ഇന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണുന്നുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുമായി രാഹുൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. നിലവിലെ സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം.
അതേസമയം രാഹുലും സോണിയയും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
