കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. മുൻ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടർന്ന് വയനാട്ടിൽ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടിൽ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക.
എല്ലാ പഞ്ചായത്തുകളിലും യോഗങ്ങൾ നടത്തും. യുഡിഎഫ് നേതൃയോഗത്തിൽ പ്രാഥമിക പ്ലാൻ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും പ്രചരണങ്ങൾ ആരംഭിച്ചു.
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ദേശീയ കൗൺസിലംഗം സത്യൻ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യൻ മൊകേരി ശനിയാഴ്ച മണ്ഡലത്തിലെത്തും.
ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്. അടുത്ത മാസം 13നാണ് വയനാട്, ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ 23ന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
