/kalakaumudi/media/media_files/2026/01/28/kerala-bjp-kalakaumudi-2026-01-28-13-50-31.jpg)
എന്‍. മുരളീധരപണിക്കര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്കുണ്ടായ മുന്നേറ്റം പ്രശംസനീയമാണ്. പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതെല്ലാം പാര്‍ട്ടി അണികള്‍ക്കിടയില്‍ കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന് ഇടത്, വലത് മുന്നണികള്‍ ഒരേപോലെ വിശ്വസിക്കുന്നുമുണ്ട്. കുറഞ്ഞത് ഏഴു സീറ്റെങ്കിലും എന്‍ഡിഎയ്ക്കു ലഭിക്കുമെന്ന പ്രതീക്ഷയാണ് ആ പാര്‍ട്ടിക്കുള്ളത്. ഇത് എന്നെപ്പോലുള്ള പ്രവാസി മലയാളികള്‍ക്കും ഏറെ അഭിമാനമുണ്ട്. ബിജെപിയുടെ ഈ വളര്‍ച്ച പ്രവാസി സമൂഹത്തിനിടയിലും ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇടത്, വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വികസനം പ്രചാരണങ്ങളില്‍ മാത്രമാണ് ഒതുങ്ങുന്നത്. ഈ രണ്ടു മുന്നണികളും നേതാക്കളുടെ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റൊരു നിലപാടും കൈക്കൊണ്ടിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ കേരളത്തില്‍ ഒരു മാറ്റം പ്രവാസി സമൂഹം ആഗ്രഹിക്കുന്നുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. ഞാന്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായ പങ്കാണുള്ളത്.
നിലവിലെ ബിജെപിയുടെ സാധ്യതകളെ ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് ആവശ്യം ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഹിതം അറിഞ്ഞു പെരുമാറാനുള്ള നേതാവിന്റെ അഭാവം കേരളത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഈയൊരു സാഹചര്യം മുതലെടുക്കണമെങ്കില്‍ ബിജെപിക്ക് ആവശ്യം ജനങ്ങളുടെ ഓരോ സ്പന്ദനവും അറിയാവുന്ന നേതാവിനെയാണ്.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. ദേശീയതലത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കുന്നതിനായി ഓരോരുത്തരെയും തീരുമാനിക്കുമ്പോള്‍ അത്തരം ആള്‍ക്കാരില്‍ ജനങ്ങള്‍ക്ക് എത്ര സ്വാധീനമുണ്ടെന്നും അവരെ ജനങ്ങള്‍ എങ്ങനെ അംഗീകരിക്കുന്നുവെന്നുമുള്ള വിലയിരുത്തലുകള്‍ ഉണ്ടാകണം. പലതരത്തിലുള്ള ദേശീയ അംഗീകാരങ്ങള്‍ക്കും സാമൂഹിക നേതാക്കളുടെ പേരുകള്‍ വരെ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് വിലയിരുത്താറില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും എന്നകാര്യത്തില്‍ ഒരു സംശയവുമില്ല.
ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം ബിജെപി മുന്നോട്ടു പോകാന്‍. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ബിജെപിയുടെ വിജയസാധ്യതയെ കാര്യമായി ബാധിക്കുമെന്ന് പ്രവാസി മലയാളികള്‍ക്കിടയില്‍ ആശങ്കയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ നിയമിച്ചപ്പോഴും പ്രവാസി മലയാളികള്‍ ഏറെ ആഹ്ലാദിച്ചു. കേരളത്തിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തടയിടാന്‍ രാജീവിന്റെ വരവിലൂടെ സാധിക്കുമെന്നാണ് പ്രവാസികള്‍ വിശ്വസിച്ചത്. അദ്ദേഹത്തിന്റെ തുടക്കം ഗംഭീരവുമായിരുന്നു. എന്നാല്‍ മുന്നണിയില്‍ ബിഡിജെഎസിന് അപ്രമാദിത്യം നല്‍കുന്നത് അത്ര ഭൂഷണമായില്ല. എന്‍ഡിഎയിലെ ഘടകകക്ഷിയാണ് ബിഡിജെഎസ്. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ആ പാര്‍ട്ടിയുടെ അമരക്കാരന്‍. വെള്ളാപ്പള്ളിക്കാണെങ്കില്‍ ഇടുതപക്ഷത്തോടാണ് കൂറും കടപ്പാടുമെന്നത് ബി ജെ പി പ്രവര്‍ത്തകര്‍ക്കും അറിയാം. പത്മഭൂഷണ്‍ പോലുള്ള അംഗീകാരങ്ങള്‍ സാമുദായിക സംഘടനങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ അത് നല്‍കുന്നവര്‍ ജാഗ്രത പാലിക്കണമെന്നതും ഇവിടെ പറയേണ്ടി വരും.
ബിജെപിയുടെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ തുനിഞ്ഞത്. ഇതിലൂടെ എന്‍എസ്എസിനെ എല്‍ഡിഎഫിലേക്ക് അടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ആ നീക്കത്തിന് സമ്മതം അറിയിച്ചിരുന്നു. അങ്ങനെ എസ്എന്‍ഡിപി-എന്‍എസ്എസ് ചര്‍ച്ചയ്ക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാറിനെയാണ് വെള്ളാപ്പള്ളി ചര്‍ച്ചയ്ക്കു പോകാന്‍ നിയോഗിച്ചത്. എന്‍എസ്എസ് ആദ്യം ഇക്കാര്യം അംഗീകരിച്ചിരുന്നു. ഒടുവില്‍ അവര്‍ എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും പിന്‍മാറി. എന്‍ഡിഎയുടെ ഘടകകക്ഷിയായ ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്തിനാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്കു വരുന്നത് എന്നതായിരുന്നു സുകുമാരന്‍ നായരുടെ ചോദ്യം. അതില്‍ എന്തെങ്കിലും രാഷ്ട്രീയുമുണ്ടായിരിക്കുമെന്നും അവര്‍ കരുതുന്നു. അപകടം മനസിലാക്കിയ എന്‍എസ്എസ് ആ ചര്‍ച്ചയില്‍ നിന്നു പിന്‍മാറി എന്നു മാത്രമല്ല എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നുവരെ പിന്‍മാറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നല്‍കിയ നൂറിലേറെ സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിപ്പിക്കാനായത് അഞ്ചുപേരെ മാത്രമാണ്. ബിഡിജെഎസിനെ ഉപയോഗിച്ച് ബിജെപിക്ക് കേരളത്തില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ല. അത് തിരിച്ചറിയേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. എന്‍ഡിഎയില്‍ മറ്റു പല പാര്‍ട്ടികളുമുണ്ട്. അവര്‍ക്കാര്‍ക്കും നല്‍കാത്ത പരിഗണനയാണ് ബിഡിജെഎസിന് നല്‍കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരും.നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള സാധ്യത വളരെ വലുതാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പല നേതാക്കളും ഇതിനോടകം അവര്‍ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വളരെ നേരത്തെ തന്നെ സജീവമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ മാനദണ്ഡം എന്നു പറയുന്നത് വിജയസാധ്യതയാവണം.അതിന് തയാറാകേണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും അവരെ ചേര്‍ത്തുപിടിക്കാനും തയാറാകണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും. അത് പ്രവാസികളായ എന്നെപ്പോലുള്ള മലയാളികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്.
(പ്രവാസി കേരളീയരുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ എന്‍. മുരളീധര പണിക്കര്‍ രാഷ്ട്രീയ നിരീക്ഷകന്‍കൂടിയാണ്)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
