കര്‍മ്മയോഗിയുടെ കാലഘട്ടം വിടപറയുമ്പോള്‍

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം

author-image
Biju
New Update
sanu3

കൊച്ചി: മലയാള സാഹിത്യലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് പ്രൊഫ. എം കെ സാനുവിന്റെ മടക്കം. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം സാനുമാഷിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. 

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.

ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ 1928 ഒക്ടോബര്‍ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതല്‍ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തില്‍ നാരായണ ഗുരുവും ഗുരുദര്‍ശനങ്ങളും നിര്‍ണായകമായ സ്വാധീനത ചെലുത്തിയത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.

നിരൂപണ കൃതികള്‍ക്കൊപ്പം ജീവചരിത്ര രചനയിലും അദ്ദേഹം കൈയടക്കം കാട്ടി. തന്റെ ആദ്യവിമര്‍ശന ഗ്രന്ഥത്തിന് കാറ്റും വെളിച്ചവും എന്നാണ് അദ്ദേഹം പേരിട്ടത്. ചങ്ങമ്പുഴയെക്കുറിച്ചു മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല ജീവചരിത്രം 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' സാനുമാഷുടേതാണ്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിങ്ങനെ ശ്രദ്ധേയമായ പല പുരസ്‌ക്കാരങ്ങളും ലഭിച്ചു. എം കെ സാനുവിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജാലകങ്ങളിലെ സൂര്യന്‍ എന്ന ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്. സാനുമാഷിനെക്കുറിച്ച് ഡോ. എ അരവിന്ദാക്ഷന്‍ മഹത്വത്തിന്റെ സങ്കീര്‍ത്തനം എന്ന സമഗ്ര പഠനവും തയ്യാറാക്കി.

1928 ഒക്ടോബര്‍ 27 ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് സാനു മാസ്റ്റര്‍ ജനിച്ചത്. സ്‌കൂളധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വിവിധ സര്‍ക്കാര്‍ കോളജുകളിലും അധ്യാപകനായിരുന്നു.

1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ല്‍ കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

കൃതികള്‍

പ്രഭാതദര്‍ശനം

സഹൊദരന്‍ കെ അയ്യപ്പന്‍

മലയാള സാഹിത്യ നായകന്മാര്‍ - കുമാരനാശാന്‍

ഇവര്‍ ലോകത്തെ സ്നേഹിച്ചവര്‍

എം. ഗോവിന്ദന്‍

അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര

മൃത്യുഞ്ജയം കാവ്യജീവിതം

ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)

യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)

ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം)

അസ്തമിക്കാത്ത വെളിച്ചം (ആല്‍ബര്‍ട്ട് ഷൈ്വറ്റ്സറുടെ ജീവചരിത്രം)

ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)

കുമാരനാശാന്റെ നളിനി - വിശുദ്ധാനുരാഗത്തില്‍ തെളിയുന്ന ദിവ്യദീപ്തി

മോഹന്‍ലാല്‍ - അഭിനയ കലയിലെ ഇതിഹാസം

നാരായണ ഗുരുസ്വാമി

അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1985)  അവധാരണം

വയലാര്‍ അവാര്‍ഡ് (1992)  ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002)

പത്മപ്രഭാ പുരസ്‌കാരം (2011)

എന്‍.കെ. ശേഖര്‍ പുരസ്‌കാരം (2011)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011)  ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം - 2010

എഴുത്തച്ഛന്‍ പുരസ്‌കാരം (2013) 

 

Prof. MK Sanu പ്രൊഫ. എം കെ സാനു