/kalakaumudi/media/media_files/2025/09/02/ananad-2025-09-02-08-15-56.jpg)
തൊടുപുഴ: അഡിഷനല്‍ ചീഫ് എക്‌സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥിനികള്‍ വ്യാജ പീഡനക്കേസില്‍ കുടുക്കിയിട്ടത് 10 വര്‍ഷം. 3 വര്‍ഷം ജയിലില്‍ കിടന്നു. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാല്‍ ആനന്ദ് ധീരമായി പോരാടി. ഒടുവില്‍ കുറ്റവിമുക്തനെന്ന വിധി നേടി. തൊടുപുഴ അഡിഷനല്‍ സെഷന്‍സ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് മൂന്നാര്‍ ഗവ കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നല്‍കിയത്. ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായാണ് ആരോപണം. വിദ്യാര്‍ഥിനികള്‍ പരാതി തയാറാക്കിയതു മൂന്നാറിലെ സിപിഎം ഓഫിസില്‍ വച്ചാണെന്നും തെളിഞ്ഞു.
'സര്‍വകലാശാല നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് 2014ല്‍ രണ്ടാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് പരീക്ഷ നടന്നത്. കോളജില്‍ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേര്‍ മാത്രം എഴുതിയ ഇക്കണോമിക്‌സ് പരീക്ഷയിലാണ് 5 വിദ്യാര്‍ഥിനികളുടെ കോപ്പിയടി ഞാന്‍ പിടികൂടുന്നത്. പക്ഷേ, ഞാന്‍ നിര്‍ദേശിച്ചിട്ടും ഇന്‍വിജിലേറ്റര്‍ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിന്‍സിപ്പല്‍ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎല്‍എ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടര്‍ന്നായിരുന്നു അത്. '
ഓണ അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് എനിക്കെതിരെ വിദ്യാര്‍ഥിനികള്‍ പീഡന ആരോപണം ഉന്നയിച്ചതായി അറിയുന്നത്. കോപ്പിയടി സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും എനിക്കു ബോധ്യമായി. തുടര്‍ന്ന് ഞാന്‍ നേരിട്ട് സര്‍വകലാശാലയില്‍ വിളിച്ച് കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തു.
പീഡനപരാതിയില്‍ വകുപ്പുതല അന്വേഷണം ഏകപക്ഷീയമായിരുന്നു. ആകെ 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതില്‍ രണ്ടില്‍ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്ന് എന്നെ സസ്‌പെന്‍ഡ് ചെയ്തു. തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ധൈര്യമായി പോരാടി.': അധ്യാപകന്‍ പറയുന്നു.