/kalakaumudi/media/media_files/MuA6fmrNjkEYmOpxx1qK.jpg)
കുഷ്ഠരോഗ കേസുകളുടെ നിർമാർജ്ജനത്തിൽ പുരോഗതി. 2024-25 വർഷം സംസ്ഥാനത്ത് 235 കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ
കോഴിക്കോട് ജില്ലയിൽ 25 എണ്ണമാണുള്ളത്. ഇത് 2023-24 വർഷം 55 ഉം 2022-23 ൽ 70 ഉം ആയിരുന്നു. നിലവിലെ 25 കേസുകൾ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സംഖ്യയാണ്. പാലക്കാട് ജില്ലയിൽ 50 ഉം കേസുകളും കണ്ണൂർ ജില്ലയിൽ 26 കേസുകളും ഉണ്ട്. ജില്ലയിലെ കേസുകളിൽ 24 എണ്ണവും രോഗാണു സാന്ദ്രത കൂടിയതാണ് (MB-Multibacillary). ഒരു കേസ് രോഗാണു സാന്ദ്രത കുറഞ്ഞ (PB-Paucibacillary) വിഭാഗത്തിൽപ്പെടുന്നു.
കുഷ്ഠം പൂർണമായും ഭേദമാക്കാം
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പർശനശേഷി കുറഞ്ഞ പാടുകൾ, പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കൽ, കൈകാലുകളിൽ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചർമ്മം, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങൾ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചശേഷം 3 മു തൽ 5 വർഷം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു മാത്രമേ രോഗം പകരുകയുള്ളൂ.
ചികിത്സ
വിവിധൗഷധ ചികിത്സ(Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾക്ക് 6 മാസത്തെ ചികിത്സയും രോഗാണു സാന്ദ്രത കൂടിയ കേസുകൾക്ക് 12 മാസത്തെ ചികിത്സയും വേണം.