/kalakaumudi/media/media_files/2025/12/20/madhyamam-2025-12-20-12-20-35.jpg)
കൊച്ചി :അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ.
രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ അദ്ദേഹത്തിന്റെ വീട്ടിൽ തുടരുമായിരുന്നെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു .
ശ്രീനി കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് വളരെയധികം ഉറപ്പുണ്ടായിരുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
വളരെ വൈകാരികമായിട്ടായിരുന്നു സത്യൻ അന്തിക്കാട് സംസാരിച്ചത് .സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു .
അത്രയധികം വൈകാരികമായ അടുപ്പം സത്യൻ അന്തിക്കാടിന് ശ്രീനിവാസനുമായി ഉണ്ടായിരുന്നു .
സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളായിരുന്നു ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്.
ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും തിരിച്ചു ചോദിയ്ക്കുകയും അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു.
ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു. അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.
43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ.
സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
താനുമായി വളരെയധികം സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേർപാട് വേദനയുണ്ടാക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അനുസ്മരിച്ചു.
ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്ന് പോകില്ല. "ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ..." തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന എത്ര എത്ര ഡയലോഗുകൾ.
ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ല. ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്.
തീരാ നഷ്ട്ടമാണെന്നും ഈ വിടവ് ഒരിക്കലും മലയാളികൾക്ക് നികത്താൻ കഴിയില്ലെന്നും ​ഗണേഷ് കുമാർ വാർത്താകുറിപ്പിൽ പറഞ്ഞു.
ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ച ചലച്ചിത്രപ്രവർത്തകനായിരുന്നു ശ്രീനിവാസൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.'
മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമബോധത്തെയും ആഴത്തിൽ സ്പർശിച്ച കഥയെഴുത്തുകാരനാണ്.
അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
