/kalakaumudi/media/media_files/2025/01/26/b5DEL2e6gHzgEoyRdQNh.jpeg)
തൃക്കാക്കര: ഭരണഘടന സംരക്ഷണം ഏറ്റവും പ്രധാനപെട്ട ഉത്തരവാദിത്വമായി കണക്കാക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഭരണഘടന സംരക്ഷിക്കുക എന്നുള്ളത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ഏറ്റവും പ്രധാന ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. മുക്കാൽ നൂറ്റാണ്ട് ഭരണഘടനയെ നില നിർത്താൻ കഴിഞ്ഞത് കൂട്ടുത്തരവാദിത്വം കൊണ്ടാണ്. അതിനെ ഇനിയും ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാൻ നമുക്കു കഴിയണം . ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം മതനിരപേക്ഷ അടിത്തറയിൽ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകണം. ജനാധിപത്യത്തിനും സമത്വത്തിനും നീതിക്കുമെല്ലാം പലതരത്തിലുള്ള മാനങ്ങൾ ഭരണഘടന വിഭാവന ചെയ്യുന്നുണ്ട്. രാഷ്ട്രീയവും ജനാധിപത്യവും സാമൂഹികവുമായ ജനാധിപത്യം നമുക്കുണ്ട്. ഭരണഘടന അസംബ്ലിയിൽ ഭരണഘടനയുടെ അവസാനം സമർപ്പിച്ചുകൊണ്ട് നടത്തിയ ചരിത്ര പ്രസംഗത്തിൽ അംബേദ്കർ പല തരത്തിലുള്ള മുന്നറിയിപ്പുകൾ രാജ്യത്തിനു നൽകിയിരുന്നു. അതിലൊന്ന് വിശ്വാസം രാഷ്ട്രത്തിനു മുകളിൽ വരുമോ അതോ രാഷ്ട്രമാണോ വിശ്വാസത്തിന് മുകളിൽ എന്നതാണ്. എപ്പോഴാണോ വിശ്വാസം രാഷ്ട്രത്തിനു മുകളിൽ വരുന്നത് അതോടെ സ്വാതന്ത്ര്യം അപകടത്തിലാകും എന്ന മുന്നറിയിപ്പ് അംബേദ്കർ അന്ന് നൽകിയിരുന്നു. രാഷ്ട്രത്തിനും ഭരണഘടനക്കും കീഴിൽ എല്ലാ സംവിധാനങ്ങളെയും കൊണ്ടുവരിക എന്നത് പ്രധാനപ്പെട്ടതാണ്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ ഉണ്ടാകും. ആദർശങ്ങൾ ഉണ്ടാകും. പക്ഷേ എക്സിക്യുട്ടിവിനെയും ജുഡിഷ്യറിയെയും നിയമനിർമാണ സഭയെയും സമൂഹത്തേയും നയിക്കുന്നതു ഭരണഘടന മൂല്യങ്ങളാണ്. ആ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്കെല്ലാവർക്കും കഴിയണം.
നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൻ്റെയും ദേശീയ മുന്നേറ്റത്തിൻ്റെയും ഉത്പന്നമാണ് ഭരണഘടന. ഭരണഘടന ഈ രാജ്യത്തെ പരമാധികാര , ജനാധിപത്യ, മതേതര റിപ്പബ്ലിക്കായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണഘടന ഉൾകൊള്ളുന്നത് ഇന്ത്യ എന്ന ആശയത്തെയാണ്. നാനാത്വത്തിൽ ഏകത്വം, വൈവിധ്യങ്ങളുടെ സൗന്ദര്യം ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണ്.
ഏതു മതവിശ്വാസത്തിൽ പെട്ടവർക്കും, ഏത് സംസ്ഥാനത്തുള്ളവർക്കും ,ഏത് ഭാഷ സംസാരിക്കുന്നവർക്കും , ഏത് ആചാരം പിന്തുടരുന്നവർക്കും എല്ലാവർക്കും അവരവരുടെ ആചാര വിചാര വിശ്വാസങ്ങൾക്ക് അനുസൃതമായി ജീവിക്കാനുള്ള അവകാശത്തെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നുണ്ട്.
ഓരോ സംസ്ഥാനത്തിനും അതിന്റേതായ അധികാരപരിധികൾ ഭരണഘടന നിർവചിച്ചിട്ടുണ്ട്. യൂണിയൻ, സംസ്ഥാന കൺകറൻ്റ് ലിസ്റ്റിലായി നിയമനിർമാണത്തിൻ്റെ അധികാരങ്ങളും ഭരണഘടന നിർവചിച്ചിട്ടുണ്ട്.
കേരളം ഈ വർഷം അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറാൻ പോവുകയാണ്. ആ പ്രഖ്യാപനം ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും, എല്ലാവർക്കും അഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു പ്രഖ്യാപനമായി മാറും. അതോടൊപ്പം തന്നെ കേരളം ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി മാറുന്നതോടെ പുതിയ സാങ്കേതിക വിദ്യയുടെ അവകാശങ്ങളും എല്ലാ പൗരന്മാരിലേക്കും എത്തിക്കാൻ നമ്മുടെ സംസ്ഥാനത്തിനു കഴിയും എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടര്‍മാരായ വി എ അബ്ബാസ്, റേച്ചൽ വർഗീസ്, ഹുസൂര്‍ ശിരസ്തദാര്‍ അനിൽകുമാർ മേനോൻ , വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു