‘സ്കൂളിൽ എത്താൻ വൈകി അഞ്ചാം ക്ലാസുകാരനെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച്, ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി: കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെ പ്രതിഷേധം

സ്കൂളിൽ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയോട് പ്രതികാര നടപടി സ്വീകരിച്ച കൊച്ചിൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം കൈയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-14 at 6.40.15 PM

തൃക്കാക്കര: സ്കൂളിൽ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയോട് പ്രതികാര നടപടി സ്വീകരിച്ച കൊച്ചിൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം കൈയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ എത്താൻ വൈകിയെന്ന കാരണത്താൽ പടമുഗൾ താണാപാടം സ്വദേശിയായ അഞ്ചാം ക്ലാസുകാരനെയാണ് വെയിലത്ത് ഗ്രൗണ്ടിൽ ഓടിക്കുകയും, ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തുകയുമായിരുന്നു.പിന്നിട് കുട്ടിയെ ക്ലാസിൽ ഇരുത്താനാവില്ലേന്ന് സ്കൂൾ അധികൃതർ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തി.കുട്ടിയെ ടി.സി തന്ന് പറഞ്ഞു വിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് കലാകൗമുദിയോട് പറഞ്ഞു. തുടർന്ന് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകരും സ്കൂളിലെത്തി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്ധാർത്ഥി സംഘടനകൾ പ്രതിഷേധം വാക്കേറ്റത്തിലും,കൈയ്യാങ്കളിയിലും കലാശിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

വൈകി വന്നതിന് കുട്ടിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.കുട്ടികൾ ഡിസിപ്ലിൻ പാലിക്കനായി കുറച്ച് കർശനമായ നടപടികൾ സ്വീകരിക്കാറുണ്ട്. ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തിയെന്നത് അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ല മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.കൊച്ചിൻ പബ്ലിക് സ്കൂളിലുണ്ടായ സംഭവം അന്വേഷിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്.

വിദ്യാര്‍ത്ഥിക്ക് പീഡനം: സ്കൂള്‍ മാനേജ്മെന്റിനെതിരെ പരാതി നല്‍കി.

കൊച്ചിന്‍ പബ്ളിക് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെത്താന്‍ വൈകിയതിന്റെ പേരില്‍ ഇരുട്ട്മുറിയില്‍ പൂട്ടിയിട്ടതിന്റെ പേരില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രശ്നം നിലനില്‍ക്കെ മാനേജ്മെന്റ് പ്രതിനിധികള്‍ ക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ ക്ളാസില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പ്രകോപനത്തിന് ശ്രമിക്കുകയും ചെയ്തതില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.

kakkanad news