പി എസ് സി: അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി

കേവല സൂചികകളെ അടിസ്ഥാനപ്പെടുത്തി മാത്രം കാര്യങ്ങളെ സമീപിക്കാന്‍ പാടില്ല. നഷ്ടം എന്നത് പണം എത്ര വന്നു, എത്ര പോയി എന്നതിന് അടിസ്ഥാനപ്പെടുത്തി മാത്രമല്ല എന്നതും കാണണമെന്നും മന്ത്രി പറഞ്ഞു.

author-image
Prana
New Update
psc

രാജ്യത്ത് പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പി രാജീവ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ജില്ലാ ഓഫീസ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.താഴേതട്ടുമുതല്‍ ഉയര്‍ന്ന തലം വരെയുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം നിയമനം നടത്തുന്ന ഭരണഘടനാ സംവിധാനമാണ് പി എസ് സി. കേരളം കഴിഞ്ഞ വര്‍ഷം ഏകദേശം 34,000 നിയമനങ്ങള്‍ പി എസ് സി വഴി നടത്തി. ഇന്ത്യയില്‍ മൊത്തം നടന്ന നിയമനങ്ങളില്‍ പകുതിയോളം കേരളത്തിലാണ്.രാജ്യത്തിന്റെ 2.8 ശതമാനം ജനങ്ങളാണ് കേരളത്തില്‍ ഉള്ളത്. ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ പോലും 1000ത്തില്‍ താഴെ മാത്രമാണ് ഓരോ വര്‍ഷവും നിയമനം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യ മേഖലയിലടക്കം ധാരാളം നിയമനങ്ങള്‍ നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ട സ്ഥലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും മികച്ച ചികിത്സ പോലും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നുണ്ട്.സര്‍ക്കാര്‍ സംവിധാനത്തില്‍ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതുകൊണ്ട് ജനങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ ധൈര്യമായി കുട്ടികളെ ചേര്‍ക്കുന്നു. പൊതുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ചെലവഴിക്കുന്ന പണത്തിന്റെ തോത് കുറക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ശമ്പളം കൊടുക്കുന്നതു സര്‍ക്കാരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ അവസ്ഥ ഇല്ല. കുടിവെള്ളം, ഇലക്ട്രിസിറ്റി, സേവനമേഖലകള്‍ ഇവയെല്ലാം പബ്ലിക് സംവിധാനത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ് നമുക്ക് ശമ്പളം, പെന്‍ഷന്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഈ ചെലവുകള്‍ വരുന്നത്. കേവല സൂചികകളെ അടിസ്ഥാനപ്പെടുത്തി മാത്രം കാര്യങ്ങളെ സമീപിക്കാന്‍ പാടില്ല. നഷ്ടം എന്നത് പണം എത്ര വന്നു, എത്ര പോയി എന്നതിന് അടിസ്ഥാനപ്പെടുത്തി മാത്രമല്ല എന്നതും കാണണമെന്നും മന്ത്രി പറഞ്ഞു.

minister psc