കൊച്ച/ തൃക്കാക്കര: ജീവിതത്തിന്റെ അവസാന കാലം വരെയും കെഎസ്‌യു പ്രസിഡന്റിന്റെ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏതു കാര്യവും അങ്ങേയറ്റത്തെ തീവ്രതയോടെ അവതരിപ്പിക്കാൻ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി ടി തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ പി.ടി പ്രസംഗിച്ചു കഴിഞ്ഞാൽ സഭയാകെ പ്രക്ഷുബ്ധമാകും. പി.ടി തൊടുത്തു വിടുന്ന വാക്കുകൾ എതിരാളികളുടെ നെഞ്ച് തുളയ്ക്കുന്നതായിരുന്നു.കെ.എസ്.യു പ്രസിഡൻ്റായിരുന്ന കാലത്തെ അതേ ആവേശത്തോടെയാണ് പി.ടി നിയമസഭയിലും ഇടപെട്ടിരുന്നത്. പി.ടിയുടെ വിയോഗം കോൺഗ്രസ് രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലുമുണ്ടാക്കിയ ശൂന്യത മറ്റാർക്കും ഇതുവരെ നികത്താനായിട്ടില്ല.
ആരെയും ഭയന്ന് പിന്നാക്കം പോകുന്ന നേതാവായിരുന്നില്ല പി.ടി. വിദ്യാർത്ഥി യുവജന പ്രവർത്തകർക്ക് എക്കാലവും ആവേശവും ചൈതന്യവും പകരാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.ചടങ്ങിൽ അജിതൻ മേനോൻ രചിച്ച "പി ടി സർഗധനൻ" എന്ന പുസ്തകം പ്രതിപക്ഷ നേതാവ് ഉമ തോമസ് എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, നേതാക്കളായ കെ പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ശ്രീനിവാസൻ കൃഷ്ണൻ, ജയ്സൺ ജോസഫ് ,കെ എം സലിം, എം ആർ അഭിലാഷ്, ടോണി ചമ്മിണി, ഐ കെ രാജു, ചാൾസ് ഡയസ്, മനോജ് മൂത്തേടൻ, ജോസഫ് ആൻറണി, സേവിയർ തായങ്കേരി, അബ്ദുൽ ലത്തീഫ് ,അജിതൻ മേനോത്ത് തുടങ്ങിയവർ സംസാരിച്ചു.