പുനർജനി ക്രമക്കേട് ; സിബിഐ അന്വേഷണം നടത്തണം എന്ന വിജിലൻസ് ശുപാർശയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തെരഞ്ഞെടുപ്പിന് അറുപത് ദിവസം പോലും ബാക്കിയില്ലാത്ത സമയത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവിന് എതിരെ സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു

author-image
Devina
New Update
vd satheeshan

കൽപ്പറ്റ: പുനർജനി ക്രമക്കേടിൽ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലൻസ് ശുപാർശ സംബന്ധിച്ച റിപ്പോർട്ടുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

 പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കിൽ അതിൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

vവിജിലൻസ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനർജനിയുമായി ബന്ധപ്പെട്ടുള്ളത്. അതിൽ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി.

 അന്വേഷണം വന്നാൽ പ്രശ്‌നമില്ല. ഏഴ് വർഷം മുൻപ് തന്നെ അന്വേഷണത്തെ താൻ സ്വാഗതം ചെയ്തിട്ടുണ്ട്.

നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനർജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനിൽക്കില്ല.

 എഫ്‌സിആർഎ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാൻ താൻ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

വിഷയത്തിൽ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിജിലൻസ് റിപ്പോർട്ട് വായിച്ചു നോക്കട്ടെ എന്നും വി ഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് അറുപത് ദിവസം പോലും ബാക്കിയില്ലാത്ത സമയത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവിന് എതിരെ സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.

 വാർത്തയുടെ ടൈമിങ് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ആണ് പ്രശ്‌നം. തെരഞ്ഞടുപ്പിന് രണ്ട് മാസം മുൻപ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാൽ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്.

വിജിലൻസിന്റെ ശുപാർശയിൽ തീരുമാനം എടുക്കാൻ അധികാരമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി.

വിജിലൻസ് റിപ്പോർട്ടിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. അതാണ് ശരി. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല.

 ശബരിമല ഉൾപ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെ.

ഇപ്പോൾ ഈ വാർത്ത മാധ്യമങ്ങൾക്ക് നൽകിയവരോട് 'ഞാൻ പേടിച്ചെന്ന് പറയണം'. എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.