/kalakaumudi/media/media_files/9LQgx7scPtkpXaSLvd6i.jpg)
ആലപ്പുഴ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്‌റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'പുന്നമട - നെഹ്റു ട്രോഫി പാലം' നിർമാണത്തിന് തുടക്കം. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്‌റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം. പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. പാലത്തിന്റെ നീളം 384.1 മീറ്ററാണ്. 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനുമാണ് പാലത്തിനുള്ളത്. കൂടാതെ, ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ മണ്ണ് പരിശോധന, സർവേ എന്നിവയ്ക്ക് ശേഷം കിഫ്ബിയിലേക്ക് ഡിപിആർ തയ്യാറാക്കി സമര്‍പ്പിച്ചു.
2016 - 17 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 25 കോടി രൂപയുടെ ഭരണാനുമതിയും. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു. പദ്ധതിക്കായി 7.99 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽനിന്ന് 2023 ഓഗസ്റ്റിൽ കെആർഎഫ്ബിക്കു കൈമാറി. കിഫ്ബിയിൽ യിൽ നിന്ന് പുതിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചതിനെ തുടർന്ന് കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 22.14 ലക്ഷം രൂപയും കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറി. യാത്ര ദുരിതത്തിന് അന്ത്യം കുറിക്കുന്നതിനൊപ്പം പുന്നമട-നെഹ്റു ട്രോഫി പാലം ചിറകുവിരിക്കുന്ന ടൂറിസം സ്വപ്നങ്ങളും ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്തുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
