/kalakaumudi/media/media_files/2024/12/11/ONRzdy6nFV70hSicRYdL.jpg)
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദേവസ്വം ഓഫീസര്‍ക്ക് സാമാന്യബുദ്ധിയില്ലെയെന്നും ചോദിച്ചു. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു.
'ചില ഭക്തര്‍ നിസഹരിച്ചു. കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്കു മാറ്റിനിര്‍ത്തുകമാത്രമാണ് ചെയ്തത്' മുതലായ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്നും കോടതി ഉത്തരവ് ലംഘിച്ച് ചില ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും ആരാഞ്ഞു.
നിങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും പിന്നില്‍ ആളില്ലാതെ നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോയെന്നും കോടതി ചോദിച്ചു. നടപടി സ്വീകരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി പിന്നാലെ കോടതിയലക്ഷ്യത്തിന് ദേവസ്വം ഓഫീസര്‍ക്കെതിരെ നോട്ടീസും അയച്ചു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നടത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തൃക്കേട്ട പുറപ്പാടിന് ആനകളെ എഴുന്നള്ളിച്ചപ്പോള്‍ ദൂരപരിധി ലംഘിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ഓഫീസറോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.