മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനുമെതിരേ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്.
'ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനൽ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്ന സ്ത്രീകളെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകൾക്കും ഇത് പുറത്ത് പറയാന്‍ ധൈര്യമല്ല. ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരിൽ പലരും. ഡാൻസാഫിന്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്- പി.വി. അൻവർ ആരോപിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നൽകിയെന്ന് പി.വി. അൻവർ പറഞ്ഞു. എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അൻവർ ആരോപണമുന്നയിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്നാണ് അൻവർ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എം.ആർ. അജിത് കുമാറും വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനർജ്ജനി കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ്. നേതാക്കളെ സതീശൻ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ അദ്ദേഹം വീണ്ടുമുയർത്തി. ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്മാരാണെന്ന് അൻവർ പറഞ്ഞു. പല സ്ത്രീകളും പീഡനത്തിനിരയായി, അൻവർ ആരോപിച്ചു.