സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കരുതെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍ എം എല്‍ എ. വനം മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തിയാണ് വനം വകുപ്പിന്റെ പരിപാടിയില്‍ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ നിയമസഭ പ്രസംഗത്തില്‍ പറയാന്‍ കരുതിയതാണ് ഇപ്പോള്‍ പറയുന്നത്. ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും എം എല്‍ എ പറഞ്ഞു. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്തുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്.
കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. വനത്തിനുളളില്‍ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങള്‍ പണിയുകയാണ്. പാര്‍ട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യ ജീവി സംഘര്‍ഷം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥന്‍ മരിച്ചിട്ട് മൃതദേഹം ഓഫീസില്‍ വക്കാന്‍ പോലും മേലുദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. ഇടതു രീതിയല്ല. വരച്ച വരയില്‍ ഉദ്യോഗസ്ഥരെ നിര്‍ത്താനാവണം.