തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ. ഉയർത്തിയ ആരോപണങ്ങൾ സി.പി.എമ്മിനുള്ളിലും വിള്ളലുകൾക്ക് വഴിവെക്കുന്നു. അൻവറിന്റെ പിന്നിൽ ആരാണെന്ന ‘രഹസ്യാന്വേഷണം’ ശക്തമാണ്. ചില നേതാക്കൾക്ക് ലഭിച്ച കത്തുകളും ഫോട്ടോകളുമാണ് അന്വേഷണങ്ങളിലേക്ക് തിരിയാൻ പ്രധാന കാരണം.
ഒരു സംസ്ഥാന കമ്മിറ്റിയംഗം വിദേശത്ത് പോയതിന്റെയും ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോകളും വിവരങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയത്. പാർട്ടി നേതാവിന്റെ വിദേശയാത്രയും അൻവർ ആരോപണം ഉന്നയിച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പാർട്ടിക്കുള്ളിൽ രഹസ്യ പരിശോധന നടത്തുന്നുണ്ട്.
ദുബായിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങൾ കത്തിൽ വിവരിക്കുന്നുണ്ട്. ദുബായിലെ സ്വകാര്യ കമ്പനി പ്രതിനിധികളുമൊന്നിച്ച് സംസ്ഥാന കമ്മിറ്റി അംഗം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേരുന്നതിന്റെയും കമ്പനിപ്രതിനിധികളുമായി യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്.
ഇതേ കമ്പനി ഇടുക്കിയിൽ ഒരു റിസോർട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിൽ പാർട്ടിപോലും അറിയാതെ സംസ്ഥാന നേതാവ് പങ്കെടുത്തിരുന്നു. അതിനെതിരെയുള്ള പരാതി ആ ജില്ലയിൽനിന്നുള്ള നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇതൊന്നും ഇതുവരെ പാർട്ടി ഔദ്യോഗിക പരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് യോഗത്തിൽപ്പോലും പരിഗണിച്ചിട്ടില്ല.
റിസോർട്ട് ഉദ്ഘാടനത്തിന് ടൂറിസം മന്ത്രിയെ പങ്കെടുപ്പിക്കാൻ ദുബായിലെ കമ്പനി പ്രതിനിധികൾ ശ്രമിച്ചിരുന്നു. ഈ കമ്പനിയെ സംബന്ധിച്ച് സി.പി.എം. ഇടുക്കി ജില്ലാനേതാക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പരിപാടി ഒഴിവാക്കിയതെന്നാണ് വിവരം.
അതേ കമ്പനിക്കായി സംസ്ഥാനകമ്മിറ്റി അംഗം സജീവമായി ഇടപെട്ടതാണ് പരാതി ഉയരാൻ കാരണമായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ അടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നേതാവിന്റെ വിദേശസന്ദർശനവും കൂടിക്കാഴ്ചയും ചർച്ചയാക്കാൻ ശ്രമമെന്നാണ് സൂചന.
സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുണ്ട്. അക്കാരണത്താലാണ് പരാതികൾ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കാത്തതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അൻവർ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിഅനുകൂലികളും വിമർശകരുമെന്ന രീതിയിലേക്ക് ചേരിതിരിവിന് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. ഓരോ പാളയത്തിലെയും നേതാക്കൾ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും തെളിവുശേഖരിക്കലുമാണ് ഇപ്പോൾ ഇരുപക്ഷത്തുമായി നടക്കുന്നത്.