വിവാദങ്ങൾ കനക്കുമ്പോൾ പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പി വി അൻവർ പറഞ്ഞു. അതേസമയം ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ രൂക്ഷവിമർശനം നടത്തി. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അൻവർ കുറ്റപ്പെടുത്തി.
പുതുതായി രൂപീകരിക്കുന്ന യുവാക്കൾ അടക്കമുള്ള പുതിയ ടീം വരുമെന്നും പി വി അൻവർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്തായിരിക്കും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി. അതേസമയം ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ സിപിഎം ഉണ്ടാക്കിയതാണെന്നും പി വി അൻവർ പറഞ്ഞു.
ഇടതുമുന്നണിയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. പരിപൂർണ്ണ മതേതര സ്വഭാവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുകയെന്നാണ് അൻവറിന്റെ പ്രഖ്യാപനം. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു..
രാഷ്ട്രീയ പാർട്ടി അല്ലാതെ സാമൂഹ്യ സംഘനകൾ കൊണ്ട് കാര്യമില്ലെന്നും പി വി അൻവർ പറഞ്ഞു. ഒരു ഹിന്ദു പാർട്ടി വിട്ടാൽ അവനെ സംഘി ആക്കും, ഒരു മുസ്‌ലിം പാർട്ടി വിട്ടാൽ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അൻവർ വിമർശനമുന്നയിച്ചു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്കണേലും കാര്യം പറയുമെന്നും അൻവർ പറഞ്ഞു.