ഡൽഹി: പിവി അൻവർ കോൺഗ്രസുകാരൻ, കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് ധാരണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചതെന്നും അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സർക്കാരിന് നൽകിയ പരാതിയായതിനാൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം എന്നായിരുന്നു പാർട്ടി നിലപാട്. ആദ്യ പരാതിയിൽ ശശിക്കെതിരെ പരാമർശമില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തി. താൻ നേരിട്ട് അൻവറിനെ വിളിച്ചു. 3ന് കാണാൻ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാർത്താ സമ്മേളനം നടത്തി. വാർത്ത സമ്മേളനവും, ആക്ഷേപവും തുടർന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നൽകി പാർട്ടി വാർത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മലപ്പുറത്തെ നേതാക്കളാക്കളടക്കം അൻവറിനോട് സംസാരിച്ചു. അൻവറിൻ്റെ പരാതി കേൾക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാർട്ടി നയം. സർക്കാരും അതേ നയം സ്വീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടി അംഗം പോലും അല്ലാതിരുന്ന അൻവറിന് നല്ല പരിഗണന നൽകി. എന്നാൽ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങൾ ഉയർത്തി അൻവർ അപമാനം തുടർന്നു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.