പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ പാർട്ടിയുമായി ഇടഞ്ഞ പി. സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ. പാലക്കാട് തിരുവില്വാമലയിലെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് നേതാവ് പി. സരിൻ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സരിൻ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാർഥിത്വത്തിൽ സാധ്യതകൽപിക്കപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു സരിൻ.
അതേസമയം പാലക്കാട് മണ്ഡലം സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സിപിഎം സരിന് പിന്തുണ നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ സരിൻ സിപിഎമ്മിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച രാവിലെ സരിൻ വീണ്ടും മാധ്യമങ്ങളെ കാണുന്നുണ്ട്.
അതിനിടയിലാണ് പി.വി. അൻവർ പി. സരിനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. സിപിഎമ്മുമായി ഇടയുകയും പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്ത അൻവർ സരിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.