പി വി അൻവറിന്റെ പാർട്ടി ഡിഎംകെ മുന്നണിയിലേക്ക്?

പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അൻവർ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

author-image
Anagha Rajeev
New Update
pv anwar mla ldf

മലപ്പുറം: സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി വി അൻവർ രൂപീകരിക്കുന്ന പാർട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അൻവർ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. പി വി അൻവറിന്റെ അനുയായികൾ സ്റ്റാലിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അൻവറിന്റെ ലക്ഷ്യം ഇൻഡ്യ മുന്നണിയാണെന്നാണ് സൂചന. 

അതേസമയം മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അൻവർ എംഎൽഎയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അൻവറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവർ അൻവറിനെ വിലയ്ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി.

നിയമസഭയിൽ പി വി അൻവർ എംഎൽഎയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. 

PV Anwar