യുവാവിനെ വധിക്കാന്‍ ക്വട്ടേഷന്‍; പ്രതി മുംബൈയില്‍ പിടിയില്‍

കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍ പിള്ള(42)യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയാണ്.

author-image
Prana
New Update
aneesh pillai

യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ കൊടുത്തയാളെ മുബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍ പിള്ള(42)യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയാണ്.
ഇയാളാണ് നാലംഗ സംഘത്തിനു ക്വട്ടേഷന്‍ കൊടുത്തത്. ഇയാള്‍ മനീഷിനോടും കുടുംബത്തോടും നേരത്തെ വിരോധത്തില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12ന് പഴമ്പള്ളില്‍ ജങ്ഷനിലാണു സംഭവം. കേസിലെ ഒന്നുമുതല്‍ നാലുവരെയും ആറ്, ഏഴ് പ്രതികളായ അനില്‍കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ്, അഭിലാഷ് മോഹന്‍, സജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും, വാട്‌സ്ആപ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചിരുന്നു. ലുക്ക്ഔട്ട് സര്‍ക്കുലര്‍ പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നതിനാല്‍ ന്യൂസിലാന്റിലായിരുന്ന അനീഷിനെ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും പോലീസ് സംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എസ് ഐ മുഹമ്മദ് സാലിഹ്, എസ് സി പി ഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

Arrest Murder Attempt accused quotation gang