പ്രധാനമന്ത്രിയെ കാണാന്‍ മേയറുടെ സംഘം; ഇക്കുറിയും ആര്‍ ശ്രീലേഖയില്ല?

നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു

author-image
Biju
New Update
sreelekha

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ ട്രെയിന്‍ യാത്രാസംഘത്തില്‍ ആര്‍ ശ്രീലേഖ ഇല്ലെന്ന് വിവരം. ഇന്ന് രാവിലെയാണ് മേയര്‍ വിവി രാജേഷ് ഉള്‍പ്പെടുന്ന സംഘം ഡല്‍ഹിലേക്ക് ട്രെയിനില്‍ പുറപ്പെടുന്നത്. എംആര്‍ ഗോപനും ശ്രീലേഖയും അമ്മമാര്‍ക്ക് അസുഖമായതിനാല്‍ യാത്രയില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാര്‍ഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.

ട്രെയിന്‍ യാത്രക്കായി എല്ലാവര്‍ക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു. എന്നാല്‍ വിമാനമാര്‍ഗം ആര്‍ ശ്രീലേഖ എത്തുമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗണ്‍സിലര്‍മാരുടേയും ഡല്‍ഹിയിലേക്കുള്ള യാത്ര.

നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു. തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു.