മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി ജാഗ്രത നിർദ്ദേശം

തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, സന്നദ്ധ പ്രവർത്തകർ, ചെടികൾ നടുന്നവർ, മണ്ണിൽ കളിക്കുന്നവർ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവർത്തകർ

author-image
Shibu koottumvaathukkal
New Update
Screenshot_20250627_092606_PRD Live

തിരുവനന്തപുരം :മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എലിപ്പനിയ്ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ മണ്ണുമായോ, മലിനജലവുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് പനി ബാധിക്കുന്നെങ്കിൽ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, സന്നദ്ധ പ്രവർത്തകർ, ചെടികൾ നടുന്നവർ, മണ്ണിൽ കളിക്കുന്നവർ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാൻ സാധിക്കും.

എലിപ്പനി വരുന്നതെങ്ങനെ?

എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോൾ ഉണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കാൽവണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

 

എലിപ്പനി തടയാൻ പ്രതിരോധം പ്രധാനം

➣ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

➣ കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക.

Ø മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

➣ ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികൾക്ക് കടന്നു ചെല്ലാൻ സാധ്യതയില്ലാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുക.

➣ വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

➣ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ പാടില്ല

➣ മണ്ണുമായും മലിനജലവുമായും സമ്പർക്കം വരുന്ന കാലയളവിൽ ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുന്നത് വഴി എലിപ്പനി പ്രതിരോധം ലഭിക്കുന്നു.

➣ ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാണ്.

➣ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

➣ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

rabies