/kalakaumudi/media/media_files/2025/09/12/voter-2025-09-12-08-27-59.jpg)
തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വന്നാല്‍ ഉടന്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ് ഐ ആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എസ് ഐ ആര്‍ നടപ്പാക്കും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്നാണ് വിവരം.
രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കോരളം, ബം?ഗാള്‍, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിന്റെ ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അടുത്ത മാസത്തോടെ ലഭിക്കും. അതോടെ ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും.
രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുന്‍ പട്ടികയിലുള്ള വോട്ടര്‍മാരെയും ബന്ധുക്കളെയും കണ്ടെത്തുന്ന ബീഹാര്‍ മാതൃക പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ തവണ എസ്‌ഐആര്‍ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിച്ചിരുന്നു. ബിഹാറില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാനങ്ങളില്‍ എസ്‌ഐആറിനുള്ള പ്രാഥമിക നടപടികള്‍ ഈ മാസം പൂര്‍ത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും യോഗത്തില്‍ അറിയിച്ചു.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് തീവ്ര പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ബിഹാറിന് പിന്നാലെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചും രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയാണെന്ന സൂചനയാണ് കമ്മീഷന്‍ നല്‍കുന്നത്.