/kalakaumudi/media/media_files/2025/12/01/rahul-2025-12-01-15-44-56.jpg)
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ സൈബര്‍ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതിയെ അധിക്ഷേപിക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ടെന്നു കരുതുന്ന ലാപ് ടോപ് കണ്ടെത്താന്‍ പരിശോധന നടത്തി.
ഇതിനിടെ പൊലീസ് കസ്റ്റഡിയിലും ഫെയ്‌സ്ബുക് വിഡിയോ ഇട്ട് രാഹുല്‍ ഈശ്വര്‍. തന്റെ പോരാട്ടം രാഹുലിന് വേണ്ടി മാത്രമല്ല, ഉമ്മന്‍ ചാണ്ടി സാറിന് വേണ്ടി, വേട്ടയാടപ്പെടുന്ന എല്ലാ ആണുങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് കുറിപ്പിട്ടിരിക്കുന്നത്. ലാപ്‌ടോപ് ഓഫിസിലാണെന്നാണ് രാഹുല്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.
ഇന്നലെ രാഹുല്‍ പുറത്തുവിട്ട വിഡിയോയില്‍ ലാപ്‌ടോപ് വീട്ടില്‍നിന്ന് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ലാപ്‌ടോപ് കണ്ടെത്താനാണ് രാഹുലിനെ വീട്ടിലെത്തിച്ചത്. കേസിലെ പ്രധാന തെളിവാണ് ലാപ്‌ടോപ്പ്. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വിഡിയോ ചിത്രീകരിക്കുന്നത് തുടരുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
