രാഹുല്‍ ഈശ്വര്‍ 14 ദിവസം റിമാന്‍ഡില്‍

രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍, ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

author-image
Biju
New Update
easwer

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റി.  

അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നല്‍കിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. 

രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍, ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ ലാപ്‌ടോപ്പില്‍ രാഹുല്‍ തയ്യാറാക്കിയ വീഡിയോകള്‍ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്‌ടോപ്പില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആദ്യമൊഴി. പിന്നീട് ഓഫീസില്‍ പരിശോധന നടത്താനിറങ്ങിയപ്പോള്‍ മൊബൈല്‍ കൈമാറുകയായിരുന്നു. 

പരിശോധനയില്‍ മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. രാഹുലിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവര്‍ക്ക് ഹാജരാകാനായി സൈബര്‍ പൊലീസ് നോട്ടീസ് നല്‍കും. 

പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളില്‍ വരുന്ന പരാതികളില്‍ കേസെടുത്ത് നടപടി സ്വീകരിക്കാനണ് എഡിജിപി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ ഉള്‍പ്പടെ നാല് പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രഞ്ജിത പുളിക്കന്‍, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ്. ദീപ ജോസഫ് രണ്ട് പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. 

രാഹുല്‍ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും പിന്നീട് എആര്‍ ക്യാമ്പില്‍ വെച്ച് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.