/kalakaumudi/media/media_files/2025/08/24/rahul-raji-2025-08-24-14-48-53.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന നേതൃത്വം സ്വീകരിച്ച നടപടികളില്‍ ഓരോ ഘട്ടത്തിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. ആരോപണങ്ങള്‍ ശ്രദ്ധയില്‍പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉചിത നടപടി വേണമെന്നു നിലപാടെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവനടി രംഗത്തുവന്നതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സംസ്ഥാന നേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തിലെന്ന വ്യക്തിയുടെയല്ല, മറിച്ച് കോണ്‍ഗ്രസിന്റെ പ്രതിഛായയ്ക്കാണു കളങ്കമേറ്റിരിക്കുന്നതെന്നും ശക്തമായ നടപടി അനിവാര്യമാണെന്നും വേണുഗോപാല്‍ അറിയിച്ചു. വിഷയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അദ്ദേഹം അറിയിച്ചു. നടപടിയുമായി മുന്നോട്ടുനീങ്ങാന്‍ അവര്‍ നിര്‍ദേശിച്ചു.
ജനപക്ഷത്തു നിന്നുള്ള നടപടിയാണു വേണ്ടതെന്ന സന്ദേശമാണു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡ് നല്‍കിയത്. സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിയാലോചനയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുലിനെ നീക്കാന്‍ ധാരണയായി. രാജി ചോദിച്ചു വാങ്ങില്ലെന്നും സ്വയം രാജി പ്രഖ്യാപനം നടത്തണമെന്നും രാഹുലിനോട് ആവശ്യപ്പെട്ടു. അധ്യക്ഷപദത്തില്‍നിന്നു നീക്കിയതോടെ വിവാദം കെട്ടടങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതു സൂചിപ്പിച്ചുള്ള പ്രതികരണം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി നടത്തുകയും ചെയ്തു.
എന്നാല്‍, യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തിറങ്ങിയതോടെ, കൂടുതല്‍ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലേക്ക് ഹൈക്കമാന്‍ഡ് എത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും കര്‍ശന നടപടിയെടുത്തേ തീരൂവെന്ന് ഉറച്ച നിലപാടെടുത്തു. 'സംസ്ഥാനത്ത് എന്തു തീരുമാനമെടുത്താലും ഞങ്ങള്‍ക്ക് ഒകെ ആണ്' എന്ന സന്ദേശം ഹൈക്കമാന്‍ഡ് കൈമാറി. പാര്‍ട്ടി എന്തു തീരുമാനിച്ചാലും അംഗീകരിക്കേണ്ടി വരുമെന്ന് രാഹുലിനെയും അറിയിച്ചു.
കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാവൂവെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എടുത്തുചാടിയുള്ള നടപടികള്‍ വേണ്ടെന്നും സംസ്ഥാന നേതാക്കള്‍ക്കു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. തീരുമാനത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പിന്നീടു ഭിന്നതയുണ്ടാകരുതെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാഗ്രതയും ഐക്യവും വേണമെന്നും മുന്നറിയിപ്പു നല്‍കി.
എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാഹുലിന്റെ രാജിക്കു പകരം സസ്‌പെന്‍ഡ് ചെയ്യുന്നതാണ് ഉചിതമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോടു ഹൈക്കമാന്‍ഡ് യോജിച്ചു. ഔദ്യോഗികമായി പരാതി പോലുമില്ലാതെ എംഎല്‍എയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതു മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത മാതൃകയാണെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.