രാഹുല്‍ രാജിക്കൊരുങ്ങുന്നു, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം വന്നു

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തുകയാണ്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു നേതാക്കള്‍ പറയുന്നു

author-image
Biju
New Update
RAHUL 3

പത്തനംതിട്ട: ആരോപണവിധേയനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നതായി സൂചന. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

രാജിയെത്തുടര്‍ന്ന് പാലക്കാട് ഉണ്ടായേക്കാവുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് കെപിസിസി നേതൃത്വം നിയമോപദേശം തേടിയതായും പറയുന്നു. പാര്‍ട്ടി രാജി ചോദിച്ചുവാങ്ങിയെന്നതിന് പകരം സ്വയം രാജിവച്ചുവെന്ന ഫോര്‍മുല രൂപീകരിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതായും പറയുന്നു. 

രാജി ആവശ്യം ശക്തമാകുന്നതിനിടെ, രാഹുല്‍  അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ തുടരുകയാണ്. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.  എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുല്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അതു വിലക്കിയിരുന്നു. രാഹുലിന് തന്റെ വാദങ്ങള്‍ പറയാന്‍ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണാന്‍ വീട്ടിലെത്തുന്നുണ്ട്. വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്.

നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, സമാന ആരോപണങ്ങള്‍ മുന്‍പ് ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടായപ്പോള്‍ രാജി ഉണ്ടായില്ലെന്നും രാഹുല്‍ അനുകൂലികള്‍ പറയുന്നു. 

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തുകയാണ്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു നേതാക്കള്‍ പറയുന്നു. നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും, ഉപതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്.

ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട്ടെ എംഎല്‍എ ആണ് രാഹുല്‍ എന്നതിനാല്‍ കേന്ദ്രം തിരക്കിട്ട് ഉപതിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു നീങ്ങാനുള്ള സാധ്യത നേതൃത്വം വിശകലനം ചെയ്തു. ഒഴിവുവന്നാല്‍ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

rahul mamkootathil