രാഹുലിന്റെ രാജി ഉടന്‍, അവന്തികയുടെ ചാറ്റിറക്കി രാഹുല്‍; കാര്യമില്ലെന്ന് ഹൈക്കമാന്‍ഡ്

ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുല്‍ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്.

author-image
Biju
New Update
avanthika

പത്തനംതിട്ട: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരെണ്ണത്തിനു മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ട്രാന്‍സ് വനിത അവന്തികയുടെ ആരോപണങ്ങള്‍ക്കാണ് രാഹുല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ മറുപടി നല്‍കിയത്. 

ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുല്‍ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്.

അവന്തിക തന്നോടു സൗഹാര്‍ദപരമായി സംസാരിക്കുകയും തന്നെ ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം എന്തിനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍, രാഹുലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായോ എന്ന് അവന്തികയോടു ചോദിച്ചുവെന്നാണ് അവര്‍ തന്നോടു പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനും അവന്തികയുമായി നടന്നെന്നു പറയുന്ന ഫോണ്‍ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാജി വയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു സമ്മര്‍ദമുയരുന്ന സാഹചര്യത്തിലും, രാജിക്കില്ലെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളിലുണ്ടായിരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മോശമായി പെരുമാറിയെന്നാണ് അവന്തിക ആരോപിച്ചത്. നിയമവശം പരിശോധിച്ച ശേഷം പൊലീസിനു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. 

''അവന്തിക എന്റെ സുഹൃത്താണ്. എനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ആദ്യം ഉന്നയിച്ചത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചെന്നും എന്നില്‍നിന്നു മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചെന്നും അവന്തിക പറഞ്ഞു. അപ്പോള്‍ സിപിഎം എനിക്കെതിരെ 'വാലും തലയും ഇല്ലാത്ത' ആരോപണങ്ങള്‍ ഉന്നയിക്കുന്ന സമയമായിരുന്നു. രാഹുലിനെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു. 

ഞാന്‍ അവന്തികയെ വിളിച്ചതല്ല, അവര്‍ ഇങ്ങോട്ട് വിളിച്ചതാണ്. റിപ്പോര്‍ട്ടറുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു അവന്തിക എന്നോടു പറഞ്ഞു. ആ റെക്കോര്‍ഡിങ് ഞാന്‍ ചോദിച്ചു വാങ്ങി. എന്നോടൊപ്പം നില്‍ക്കുമോ എന്നു ചോദിച്ചപ്പോള്‍ നില്‍ക്കുമെന്നാണ് അവന്തിക പറഞ്ഞത്. റിപ്പോര്‍ട്ടര്‍ വിളിക്കുന്നത് അവന്തിക എന്നെ അറിയിക്കേണ്ട കാര്യമില്ല. ആ റെക്കോര്‍ഡിങ് അവര്‍ എനിക്ക് അയച്ചു തന്നു. ജീവനു ഭീഷണിയുണ്ടെങ്കില്‍ അവര്‍ എന്നെ വിളിച്ച് എന്തിനാണ് റെക്കോര്‍ഡിങ് അയച്ചു തരുന്നത്? പിന്നീടാണ് അവര്‍ ആരോപണവുമായി വന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ വലിയ തെറ്റുകാരനായാണ് ചിത്രീകരിക്കപ്പെടുന്നത്. ഏറ്റവും വലിയ കുറ്റവാളിക്കും കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ട്''  രാഹുല്‍ പറഞ്ഞു.

താന്‍ കാരണം പ്രവര്‍ത്തകര്‍ക്കു തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അങ്ങനെയൊരു സാഹചര്യം ചിന്തിക്കാന്‍ പോലുമാവില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നത്. താന്‍ അക്രമം നേരിടുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, വിവാദം ഉണ്ടാകുന്നതിനു മുന്‍പുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്തുവിട്ടതെന്ന് അവന്തിക പ്രതികരിച്ചു.

rahul mamkootathil