രാഹുലിന്റെ ഫ്‌ളാറ്റ്, ഓഫിസ് എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണം വേണം: ബിജെപി

2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസും മാധ്യമങ്ങളും തയാറാകണം. ഇതേക്കുറിച്ച് വ്യക്തിപരമായി കൂടുതല്‍ അന്വേഷിക്കുന്നതായും പ്രശാന്ത് ശിവന്‍ പറഞ്ഞു

author-image
Biju
New Update
avanthika

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ട് താമസിക്കുന്ന ഫ്‌ളാറ്റ്, ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട് എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍.

2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസും മാധ്യമങ്ങളും തയാറാകണം. ഇതേക്കുറിച്ച് വ്യക്തിപരമായി കൂടുതല്‍ അന്വേഷിക്കുന്നതായും പ്രശാന്ത് ശിവന്‍ പറഞ്ഞു. ട്രാന്‍സ് വനിത അവന്തിക ഉന്നയിച്ച ആരോപണങ്ങള്‍ ചെറുക്കാന്‍ അവരുടേതെന്നു പറഞ്ഞ് രാഹുല്‍ അവതരിപ്പിച്ച സന്ദേശത്തെക്കുറിച്ചും അന്വേഷിക്കണം.

അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നില്‍ താനാണെന്ന ചിലരുടെ പ്രചാരണം അടിസ്ഥാനരഹിതമാണ്. രാഹുല്‍ എംഎല്‍എയില്‍ നിന്ന് വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അവന്തിക 21ന് ഉച്ചയ്ക്ക് സന്ദേശത്തിലൂടെ അറിയിച്ചപ്പോള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കി. കോണ്‍ഗ്രസിനു വേണ്ടാത്തവരെ തള്ളാനുള്ള സ്ഥലമല്ല പാലക്കാടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും വരെ ബിജെപി ശക്തമായ സമരം തുടരുമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.

രാഹുല്‍ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപിന്യൂഡല്‍ഹി ന്മ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ദേശീയതലത്തില്‍ ബിജെപി ചര്‍ച്ചയാക്കി. രാഹുല്‍ ഗാന്ധിക്കൊപ്പം രാഹുല്‍ മാങ്കൂട്ടം നില്‍ക്കുന്ന ചിത്രം ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരെക്കൂടി ആരോപണം എന്ന വാചകങ്ങളോടെയാണ് ചിത്രം പങ്കുവച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമാണ് ആരോപണവിധേയനെന്നും ചിത്രത്തിലുണ്ട്.

രാഹുലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിന്റെ 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാംപെയ്ന്‍ സംബന്ധിച്ച് പരാമര്‍ശിച്ചതും ചര്‍ച്ച ദേശീയതലത്തില്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ടാണ്. 2022ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഉന്നമിട്ട് പ്രിയങ്ക ഗാന്ധി നയിച്ച സ്ത്രീ ശാക്തീകരണ ക്യാംപെയ്‌നായിരുന്നു ഇത്.