/kalakaumudi/media/media_files/2025/08/24/rahul-raji-2025-08-24-14-48-53.jpg)
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ പരിശോന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത റെയ്ഡ്. രാഹുല്‍ അടൂരിലെ സ്വന്തം വീട്ടില്‍ തുടരുകയാണ്.
കേസില്‍ ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നത്. കേസില്‍ നിലവില്‍ ഏഴു പ്രതികളാണ് ഉള്ളത്.
പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി.
അതേ സമയം, രാഹുലിന് എതിരായ ലൈംഗിക ആരോപണ കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ തന്നെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ടു ദിവസത്തിനകം മുഴുവന്‍ ടീമംഗങ്ങളെയും പ്രഖ്യാപിക്കും. എംഎല്‍എയുടെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരുടെ മൊഴി വേഗത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.