കസ്റ്റഡിയില്‍ വാങ്ങിയ രാഹുലുമായി തെളിവെടുപ്പ് നാളെ; കനത്ത സുരക്ഷ

കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം.

author-image
Biju
New Update
rahul

തിരുവല്ല: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചില്ല. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം.

ചൊവ്വാഴ്ച 12.15-ന് കോടതി ചേരുകയും രാഹുലിന്റെ കേസ് ആദ്യംതന്നെ വിളിക്കുകയും ചെയ്തു. അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കസ്റ്റഡിയില്‍ വിടരുതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.