തിരുവല്ലയിലെ ഹോട്ടലില്‍ മുറിയെടുത്തു; തെളിവെടുപ്പിനിടെ സമ്മതിച്ച് രാഹുല്‍

ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആര്‍ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു

author-image
Biju
New Update
thiruvalla

പത്തനംതിട്ട: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയ എസ്‌ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആര്‍ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുന്‍പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുല്‍ വാഹനത്തില്‍ കയറി. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോള്‍ ചിരിമാഞ്ഞു.

ഹോട്ടലിലെ റജിസ്റ്ററില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. റജിസ്റ്ററില്‍ സംഭവദിവസം 408ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. എന്നാല്‍ സംഭവദിവസം ഇവര്‍ ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാര്‍ഡ്ഡിസ്‌ക് പൊലീസ് കണ്ടെടുത്തു.

തെളിവെടുപ്പില്‍ ഹോട്ടലും മുറിയും രാഹുല്‍ തിരിച്ചറിഞ്ഞതായാണ് വിവരം. ഹോട്ടലിലെ 408ാം നമ്പര്‍ മുറിയില്‍ എത്തിയിരുന്നതായും രാഹുല്‍ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി.

ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആര്‍ ക്യാംപില്‍നിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം ഹോട്ടലിനു മുന്‍പില്‍ നിലയുറപ്പിച്ചിരുന്നു.

തെളിവെടുപ്പിനു രാഹുലിനെ കൊണ്ടുവരും എന്നറിഞ്ഞ് ഇവിടേക്ക് ആളുകളും എത്തുന്നുണ്ട്. അതേസമയം തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുപോകണമോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ചൊവ്വാഴ്ച രാഹുലിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിനോടു സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

ലൈംഗികപീഡനക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുന്‍പു ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ 3 ദിവസത്തിനകം ഒപ്പിടണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.