വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍; നല്‍കിയത് പി.വി.അന്‍വറിന്റെ മുന്‍ സീറ്റ്

സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുല്‍ സഭയിലെത്തിയത്.

author-image
Biju
New Update
rahul

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അന്‍വറിനു നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. 

സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുല്‍ സഭയിലെത്തിയത്. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമായെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.