/kalakaumudi/media/media_files/2025/08/22/rahul-2025-08-22-07-44-29.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ തല്‍ക്കാലം കേസെുക്കേണ്ടതില്ലെന്ന് പൊലീസ്. മാദ്ധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തെളിവ് നല്‍കുന്നതിന് ബുദ്ധിമുട്ടാകും. തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിലയിരുത്തുന്നു.
അതേസമയം, എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കാന്‍ എല്‍ഡിഎഫില്‍നിന്നും ബിജെപിയില്‍നിന്നും രാഷ്ട്രീയ സമ്മര്‍ദമുണ്ടെങ്കിലും കോണ്‍ഗ്രസിലും മറ്റു പാര്‍ട്ടികളിലും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നു കണ്ടാണു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോള്‍ നിയമസഭയിലുള്ള എല്‍ദോസ് കുന്നപ്പള്ളി, എം.വിന്‍സന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാല്‍ മതിയെന്നു ധാരണയായി. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കില്‍ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്തു. എംഎല്‍എ സ്ഥാനം ഒഴിയണമെന്ന അഭിപ്രായം ഇന്നലെ രാഹുല്‍ വിഷയം നേതൃത്വവുമായി ചര്‍ച്ച ചെയ്ത നേതാക്കളാരും ഉന്നയിച്ചില്ല.
എം.വിന്‍സന്റിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ അദ്ദേഹം ജയിലില്‍ കിടന്നിരുന്നു. കുറ്റപത്രം നല്‍കിയ കേസ് വിചാരണയിലേക്കു കടക്കാനിരിക്കുകയാണ്. ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നിവയ്ക്കുള്ള കേസില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിലാണ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. രണ്ടുപേരെയും അല്‍പകാലം പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റി നിര്‍ത്തിയെന്നതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. എംഎല്‍എ സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചുമില്ല.
മറുവശത്ത് സിപിഎമ്മിന്റെ എം.മുകേഷ് എംഎല്‍എക്കെതിരെ നടിയുടെ വെളിപ്പെടുത്തലില്‍ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നും കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാല്‍ രാജിക്കാര്യം ആലോചിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ദുരനുഭവമുണ്ടായെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കും സിപിഎം ഈ ആനുകൂല്യം നല്‍കി. ഇക്കാരണത്താല്‍ രാഹുലിന്റെ രാജിക്കായി നിര്‍ബന്ധം ചെലുത്താനും രാജി ആവശ്യപ്പെട്ടു തുടര്‍പ്രക്ഷോഭത്തിനിറങ്ങാനും സിപിഎം മടിക്കും.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുലിനെ രാജിവയ്പിച്ചതു ധാര്‍മികതയുടെ പേരിലും പാര്‍ട്ടിയുടെ പ്രതിഛായയെക്കരുതിയുമാണെന്നു കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. നിലവില്‍ എഴുതിക്കിട്ടിയ പരാതികളൊന്നുമില്ല. രാഹുലിന്റെ രാജിക്കുശേഷം ഏതാനും ചാറ്റുകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. പൊലീസില്‍ പരാതിയുമായി ആരെങ്കിലും സമീപിക്കുകയും കേസെടുക്കുകയും ചെയ്താലും എംഎല്‍എ സ്ഥാനം ഒഴിയുകയെന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസ് പോകില്ല.