രാഹുലിന്റെ രാജി ചോദിച്ചു വാങ്ങാന്‍ ഹൈക്കാമന്‍ഡ്; കെപിസിസിയും കൈയൊഴിഞ്ഞു

രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ നടത്തിയിരുന്നു

author-image
Biju
New Update
rahul 2

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ഹൈക്കമാന്‍ഡ് രാഹുലിന് നല്‍കിയതായാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടി. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്. 

തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുല്‍ എംഎല്‍എ ആയി തുടരുമെന്നാണ്  വിവരം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം റദ്ദാക്കിയത് എന്നായിരുന്നു ഓഫിസിന്റെ വിശദീകരണം.

rahul mamkootathil