അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍; അസാധാരണ നീക്കവുമായി എസ്‌ഐടി

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

author-image
Biju
New Update
rop

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അത്യപൂര്‍വ്വനടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന്, രാഹുല്‍ നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരേക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഒപ്പിടാത്തതിന്റെ പശ്ചാത്തലത്തില്‍ ഗസറ്റഡ് ഓഫീസറെ എത്തിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലൈംഗികപീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാന്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിട്ടിട്ടുണ്ട്. പ്രതിഭാഗം നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജാമ്യാപേക്ഷയില്‍ വിധിപറയും.

കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന. ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് അറസ്റ്റുചെയ്ത രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കിയിരുന്നത്. തുടര്‍ന്ന് മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡുചെയ്തു. പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യഹര്‍ജിയും മറ്റ് വിവരങ്ങളും പത്തനംതിട്ടയില്‍നിന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലേക്ക് പ്രത്യേക ദൂതന്‍വഴി തിങ്കളാഴ്ച എത്തിച്ചു. ഉച്ചകഴിഞ്ഞാണ് കേസ് പരിഗണിച്ചത്.

കാനഡയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31-കാരിയാണ് പരാതിക്കാരി. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളില്‍ എസ്ഐടിക്ക് നല്‍കിയ മൊഴിയിലുണ്ട്. പരസ്പരസമ്മതപ്രകാരമാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.