/kalakaumudi/media/media_files/2025/12/03/rahul-2025-12-03-10-20-47.jpg)
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹര്‍ജിയില്‍ രാഹുല്‍ പറയുന്നത്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിച്ചിട്ടുണ്ട്.
ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹര്‍ജിയിലുണ്ട്.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. പീഡനത്തിന് പിന്നാലെ രാഹുല്‍ ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നും പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം.
ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കേസില്‍ രാഹുലിനെ എത്രയും വേഗം എംഎല്‍എയെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് നീക്കം. കേസിന്റെ ഗൗരവവും യുവതിയുടെ മൊഴിയും കണക്കിലെടുത്ത് രാഹുലിന് മുന്‍കൂര്‍ജാമ്യം ലഭിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
