രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍

author-image
Biju
New Update
RAHUL

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരിഗണിക്കുക. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതേ സമയം, രാഹുല്‍ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹര്‍ജിയില്‍ രാഹുല്‍ പറയുന്നു. പാലക്കാടും തമിഴ്‌നാട്ടിലും കര്‍ണാടകയിലും രാഹുലിനായി ഊര്‍ജിത അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴി നല്‍കാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പൊലീസ് അയച്ച ഇമെയിലിനാണ് മറുപടി നല്‍കിയത്. രണ്ടാമത്തെ ബലാല്‍സംഗ കേസ് അന്വേഷിക്കാന്‍ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.